ഹൂസ്റ്റൺ: സ്റ്റാഫോർഡ് മേയറായി മലയാളി കെൻ മാത്യു ചുമതലയേറ്റു. മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ചൊവ്വാഴ്ചയാണ് സ്റ്റാഫോർഡ് സിറ്റി ഹാളിൽ ചടങ്ങ് നടന്നത്. നിരവധി ഇന്ത്യക്കാർ ചരിത്ര മൂഹുർത്തതിന് സാക്ഷികളായി. സ്റ്റാഫോർഡ് മേയറായിരുന്ന സിസിൽ വില്ലിസ് അധ്യക്ഷത വഹിച്ചു.
വിരമിക്കൽ പ്രസംഗത്തിന് ശേഷം പ്രോടെം മേയർ സേവ്യർ ഹരേരയെ ചുമതലയേൽപ്പിച്ച് മടങ്ങി. തുടർന്ന് സേവ്യറിന്റെ ക്ഷണപ്രകാരം പുതിയ മേയർ റോബിൻ ഇലക്കാട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡയസിലെത്തിയ കെൻ മാത്യു ഔദ്യോഗികമായി മേയർ പദവി ഏറ്റെടുത്തു.
തുടർന്ന് കൗൺസിലിനെയും ജനസമൂഹത്തെയും മേയർ അഭിസംബോധന ചെയ്തു. കെൻ മാത്യുവിനൊപ്പം ഭാര്യ ലീലാമ്മ രണ്ടു മക്കളും അവരുടെ കുടുംബവും പങ്കെടുത്തു.
ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ടെക്സസ് സെനറ്റർമാരായ റോൺ റെയ്നോൾഡ്, സുലൈമാൻ ലലാനി ഫോട്ബെൻഡ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ,
ഫോട്ബെൻഡ് കൗണ്ടി കോർട് ജഡ്ജ് ജൂലി മാത്യു കൂടാതെ കൗണ്ടി കമ്മീഷണർമാർ തുടങ്ങി വിശിഷ്ടാഥികളുടെ നിര തന്നെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
വിവിധ മലയാളി സംഘടനാ പ്രവർത്തകർ ഇന്ത്യ പ്രസ്ക്ലബ് അംഗങ്ങൾ എന്നിവർക്കൊപ്പം വിവിധ പള്ളികളെ പ്രതിനിധീകരിച്ച് പുരോഹിതന്മാരും എത്തിയിരുന്നു.



