ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റി പ്രോടെം മേയറായി വീണ്ടും കെന്‍ മാത്യു. മലയാളികള്‍ക്ക് വേണ്ടി എന്തിനും ഏതിനും മുന്നിട്ടിറങ്ങുന്ന കെന്‍മാത്യുവിന്റെ ഈ അംഗീകാരത്തിന് പത്തരമാറ്റ് തിളക്കം. എഴുപതു പിന്നിട്ടിരിക്കുന്ന അവസരത്തില്‍ മേയറുടെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ക്ക് തീര്‍ച്ച കല്‍പ്പിക്കുന്നയാള്‍ എന്ന നിലയ്ക്ക് നഗരപിതാവാണ് അദ്ദേഹം.
സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലറായിട്ട് 16 വര്‍ഷം കഴിഞ്ഞു. ഇത് ഏഴാമത്തെ ടേമാണ്. അതിനു മുന്‍പ് നഗരത്തിന്റെ പ്ലാനിങ് കമ്മീഷനിലും സ്റ്റാഫോര്‍ഡ് എക്കണോമിക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സിലിലും നിയമിതനായി. ഇപ്പോള്‍ വൈസ് പ്രസിഡന്റാണ്.
കേരളത്തില്‍ കായംകുളത്താണ് കെന്‍ മാത്യുവിന്റെ സ്വദേശം. അമേരിക്കയില്‍ വന്നിട്ട് നാലു ദശാബ്ദങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1976-ലാണ് കടലേഴും കടന്ന് അമേരിക്കയില്‍ കാലു കുത്തുന്നത്. ആദ്യം ഡിട്രോയിറ്റിലായിരുന്നു. അവിടെ യൂണിവേഴ്‌സിറ്റി ഡിട്രോയിറ്റില്‍ നിന്നും ബിബിഎ, എംബിഎ എന്നിവ എടുത്തു. അതിനു മുന്നേ മുംബൈയിലായിരുന്നു. ഹ്യൂസ്റ്റണിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ സജീവ സാന്നിധ്യമാണ് കെന്‍മാത്യു. നിരവധി വികസന കാര്യങ്ങളില്‍ അദ്ദേഹം മുന്നില്‍ നില്‍ക്കുന്നു.
ഭാര്യ ലീലാമ്മ, രണ്ടു പെണ്‍മക്കള്‍, അഞ്ചു കൊച്ചുമക്കള്‍ എന്നിവരടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. ഡയറക്ടര്‍ ഓഫ് ഫൈനാന്‍സിങ് ആന്‍ഡ് അക്കൗണ്ടിങ്ങില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പ് റിട്ടയര്‍ ചെയ്തു. ഇനി മുഴുവന്‍സമയം പൊതുസേവനമാണ് ലക്ഷ്യം.
സ്റ്റാഫോര്‍ഡ് സിറ്റിയെക്കുറിച്ച് ചോദിച്ചാല്‍ കെന്‍മാത്യു പറയും, ടെക്‌സസിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണിത്. എല്ലാ കാര്യങ്ങളും ഇവിടെ ലഭ്യം. അതേസമയം കാര്യമായ ട്രാഫിക്ക് ബ്ലോക്കില്ല, നല്ല മെച്ചപ്പെട്ട സൗകര്യങ്ങള്‍ എന്നിവ ഇവിടേക്ക് ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കുന്നു. അതിനേക്കാള്‍ ഉപരി, സിറ്റി പ്രോപ്പര്‍ട്ടി ടാക്‌സ് ഇല്ലാത്ത ടെക്‌സസിലെ ഒരേയൊരു നഗരം കൂടിയാണിത്. ഇവിടെ പ്രോപ്പര്‍ട്ടി ടാക്‌സ് ആവശ്യമില്ലെന്ന ആനുകൂല്യം മുതലെടുക്കാനായി നിരവധി പേര്‍ ഇവിടേക്ക് കുടിയേറുന്നുണ്ട്. നിരവധി മലയാളികളും ഇവിടെ താമസിക്കുന്നുണ്ട്. നഗരജനസംഖ്യ 20,000 നു മേലുണ്ടെങ്കിലും അതിന്റെയൊരു വൈഷ്യമവും അനുഭവപ്പെടാത്ത വിധത്തിലാണ് ഇവിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പോര്‍ട്ട്‌ബെന്‍ കൗണ്ടിയില്‍ സിവിക് സെന്ററും സ്റ്റഫോര്‍ഡ് സെന്ററും സ്ഥാപിച്ചുവെന്നത് മലയാളികള്‍ക്കു വലിയ പ്രയോജനം കിട്ടി. എന്നാല്‍ കൂടുതല്‍ സബ് ഡിവിഷനുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ മേയര്‍ക്ക് കഴിയാതിരുന്നത് വലിയൊരു പ്രശ്‌നമായിട്ടുണ്ട്. ഇത് ഇത്തവണ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കും. ടെക്‌സസ് മെഡിക്കല്‍ സെന്ററുമായി സ്റ്റാഫോര്‍ഡ് സിറ്റി വളരെയടുത്താണ് എന്ന പ്രയോജനം മുതലാക്കി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ ഇവിടേക്ക് കുടിയേറുന്നുണ്ട്.
സാമൂഹിക പ്രവര്‍ത്തനത്തിനൊപ്പം കാരുണ്യപ്രവര്‍ത്തനത്തിലും മുന്‍നിരയിലുള്ള കെന്‍ മാത്യു മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടയാളാണ്. അവര്‍ നല്‍കുന്ന സ്‌നേഹവും അംഗീകാരവുമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്നു വിശ്വസിക്കുന്ന ഇദ്ദേഹം ബെസ്റ്റ് കൗണ്‍സില്‍മാന്‍ എന്ന നിലയ്ക്ക് പുരസ്‌ക്കാരം നേടിയിട്ടുണ്ട്. എപ്പോഴും എന്നും മലയാളത്തിനോടു പ്രതിബദ്ധത പുലര്‍ത്തുന്ന ഇദ്ദേഹം പച്ചമലയാളിയായ കൗണ്‍സിലര്‍ എന്ന് അറിയപ്പെടാനാണ് താത്പര്യവും എന്നും പറയുന്നു.



