ആലുവ: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിക്ക് തുടക്കംകുറിച്ച ദിവസം പുരുഷന്മാർക്ക് ഫ്രീ യാ​ത്രയൊരുക്കി സ്വകാര്യ ബസുടമ. മാഞ്ഞാലി-ആലുവ റൂട്ടി​ൽ സർവിസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിന്റെ ഉടമ ബി.ഒ. ഡേവിസാണ്, പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച രാവിലെ 6.30 മുതൽ രാത്രി എട്ടു വരെ ബസ് നടത്തിയ ഏഴ് ട്രിപ്പുകളിലും പുരുഷ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമായിരുന്നു. എന്നാൽ, ജീവനക്കാരുടെ കൂലി നൽകുന്നതിൽ മുടക്കംവരുത്തിയതുമില്ല.

ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ഈ വേറിട്ട പ്രതിഷേധ സമരം ബസ് ആൻഡ് കാർ ഓപറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എ.ജെ. റിജാസ് യാത്രക്കാർക്ക് ലഡു നൽകി ഉദ്ഘാടനം ചെയ്തു. ഇതേ റൂട്ടിൽ കെ.എസ്.ആർ.ടി.സി സൗജന്യ സർവിസുകൾ ആരംഭിച്ചിട്ടും, സ്വകാര്യ ബസിനെ ഉപേക്ഷിക്കാതെ കൂടെനിന്ന വനിതകളെ ‘ലിറ്റിൽ ഫ്ലവർ’ ബസ് ജീവനക്കാർ മധുരംനൽകിയാണ് ആദരിച്ചത്.

കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ റൂട്ടിൽ സർവിസ് നടത്തുന്ന തനിക്ക് സർക്കാറിന്റെ ‘പ്രിയദർശിനി’ പദ്ധതി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പുത്തൻവേലിക്കര വട്ടപ്പറമ്പ് സ്വദേശിയായ ഡേവിസ് പറയുന്നു. റൂട്ടിലെ സ്ഥിരംയാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളായതിനാൽ അവർ കെ.എസ്.ആർ.ടി.സിയിലേക്ക് പൂർണമായി മാറുമ്പോൾ സ്വകാര്യ ബസുകളുടെ വരുമാനം നിലയ്ക്കും. പ്രതിദിനം 6,000 രൂപയോളം വരുന്ന ഡീസൽ ചെലവ് ഉൾപ്പെടെ തരണംചെയ്ത് എങ്ങനെ മുന്നോട്ടുപോകാനാകുമെന്നാണ് ഡേവിസ് ചോദിക്കുന്നത്.