ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും സ്കൂൾ ക്യാംപസിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ. തിരുവള്ളൂരിന് സമീപം കീഴ്ചേരിയിൽ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. രാവിലെ സ്കൂളിൽ എത്തിയശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ കോമ്പൗണ്ടിന് മുന്നിൽ പ്രതിഷേധിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം.
കുട്ടിയുടെ മൃതദേഹം തിരുവള്ളൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നാളെ നടക്കും. സ്കൂൾ കാമ്പസുകളിൽ അസ്വാഭാവിക മരണങ്ങൾ നടന്നാൽ സി ബി സി ഐ ഡി നേരിട്ട് അന്വേഷിക്കണം എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവനുസരിച്ച് സി ബി സി ഐഡി കേസ് ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സി ബി സി ഐ ഡി ഡിഐജി സത്യപ്രിയ പറഞ്ഞു.



