തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ ഇയാള്‍ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട രണ്ടാമത്തെ പരാതിയാണ് ഇത്.
സൈനികര്‍ സ്ത്രീലമ്പടന്‍മാരും, ബലാത്സംഗം നടത്തുന്നവരും ആണെന്നാണ് വിജയ് പി നായര്‍ വീഡിയോയില്‍ പറയുന്നത്. അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസില്‍ വിജയ് പി നായരെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു. ഇയാള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ് മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ആദ്യം ചുമത്തിയിരുന്നത്. ഇത് വിവാദമായപ്പോള്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു.
വിജയ് പി നായരുടെ പരാതിയില്‍ ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളതിനാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകില്ല. ശനിയാഴ്ചയാണ് കേസുകള്‍ക്കിടയാക്കിയ സംഭവം നടന്നത്. യുട്യൂബിലുടെ അപമാനിച്ചതിനെത്തുടര്‍ന്ന് വിജയ് പി.നായര്‍ താമസിക്കുന്ന ഫ്‌ലാറ്റിലെത്തിയ വനിതകള്‍ ഇയാള്‍ക്കുനേരെ കരിഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ക്കുണ്ടായിരുന്ന പിഎച്ച്‌ഡി യോഗ്യത വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്



