കായികതാരം മയൂഖ ജോണി വെളിപ്പെടുത്തിയ മാനഭംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഉത്തരവിറക്കി. തൃശൂര്‍ റൂറല്‍ എസ്.പി ജി.പൂങ്കുഴലിയുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പീഡനത്തിന് ഇരയായ യുവതി, റൂറല്‍ എസ്.പിക്കും അന്വേഷണ സംഘത്തിനുമെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു എസ്.പിയുടെ അഭ്യര്‍ത്ഥന.
കേസ് അട്ടിമറിക്കാന്‍ എസ്.പി ശ്രമിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തില്‍ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മയൂഖ ജോണി നേരത്തെ രംഗത്ത് വന്നിരുന്നു. അതേസമയം, ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ആരോപണ വിധേയനായ ചുങ്കത്ത് ജോണ്‍സണ്‍. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ പരാതികളും ആക്ഷേപങ്ങളുമുയര്‍ന്നപ്പോഴായിരുന്നു വനിതാ കമ്മിഷന് പരാതി നല്‍കിയ തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച്‌ മയൂഖ ജോണി വെളിപ്പെടുത്തിയത്. പ്രതിക്കായി കമ്മിഷന്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവും മയൂഖ ഉന്നയിച്ചിരുന്നു. ഇതോടെ പ്രത്യേക സംഘത്തെ ഡി.ഐ.ജി അന്വേഷണത്തിനായി നിയോഗിച്ചെങ്കിലും നേരത്തെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച റൂറല്‍ എസ്.പി ജി.പൂങ്കുഴലിയുടെ കീഴിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച്‌ വീണ്ടും മയൂഖ ജോണി രംഗത്തെത്തി. പൂങ്കുഴലിക്കും അന്വേഷണ സംഘത്തിനുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തു.