മുംബൈ : ഇന്നലെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മൃതദേഹം ഡോ.ആര്‍എന്‍ കൂപ്പര്‍
മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കും.

സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. യഥാര്‍ഥ മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമെ പറയാന്‍ സാധിക്കൂ എന്ന് ഡിസിപി അഭിഷേക് ത്രിമുഖെ അറിയിച്ചു.

മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ സുശാന്തിന്റെ ജന്മനാടായ ബിഹാറിലെ പട്‌നയിലെ വീട്ടിനു മുന്‍പില്‍ ആളുകള്‍ തടിച്ചുകൂടി. ഞായറാഴ്ച ഉച്ചക്കഴിഞ്ഞാണ് സുശാന്തിനെ ബാന്ദ്രയില്‍ ഉള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.