ന്യൂഡൽഹി: ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളികളയണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സോഷ്യലിസം, മതേതര്വത്വം എന്നിവ ഭരണഘടനയുടെ അന്തർലീനമായ അടിസ്ഥാന സ്വഭാവമാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുബ്രമണ്യം സ്വാമി നൽകിയ ഹർജി കനത്ത പിഴ ചുമത്തി തള്ളണമെന്ന് കക്ഷി ചേരൽ അപേക്ഷയിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടിട്ടുണ്ട്. മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് തേടുന്നതിനാണ് മതേതരത്വം ഭരണഘടനയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവിൽ രാജ്യത്ത് മതത്തിന്റെ പേരിൽ വോട്ട് തേടുന്നത് വിലക്കിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള ശ്രമമാണ് സുബ്രഹ്മണ്യം സ്വാമി നടത്തുന്നത് എന്ന് അപേക്ഷയിൽ ബിനോയ് വിശ്വം ആരോപിച്ചിട്ടുണ്ട്.
ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താൻ പാർലമെന്റിന് അധികാരം ഇല്ലെന്നാണ് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി വിധിച്ചത്. മതേതരത്വവും, സോഷ്യലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. ഇക്കാര്യം സുപ്രീം കോടതിയുടെ വിവിധ വിധികളിൽ ശരിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ മതേതരത്വവും, സോഷ്യലിസവും ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്നും ബിനോയ് വിശ്വം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് ബിനോയ് വിശ്വത്തിന്റെ കക്ഷി ചേരൽ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
1976 ൽ 42-ാം ഭരണഘടന ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നിവ ഉൾപ്പെടുത്തിയത്. എന്നാൽ ഇത്തരം ഒരു ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനാ ശില്പി ബി.ആർ അംബേദ്കർ സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം തള്ളിയിരുന്നതായും സ്വാമി തന്റെ ഹർജിയിൽ ആരോപിച്ചിരുന്നു.



