സുപ്രീംകോടതിയില്‍ സാധാരണ രീതിയിലുള്ള പ്രവര്‍ത്തനം ഉടന്‍ വേണ്ടെന്നു നിര്‍ദേശം. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആരംഭിച്ച വര്‍ച്വല്‍ നടപടിക്രമങ്ങള്‍ മതിയെന്നും തുറന്ന കോടതി മുറികളിലെ വാദവും വിചാരണയും ഉടന്‍ വേണ്ടെന്നുമാണ് ജഡ്ജിമാര്‍ അടങ്ങുന്ന ഏഴംഗ സമിതിയുടെ വിലയിരുത്തല്‍.
കോടതി മുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കണം എന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് ഉടന്‍ നടപടികള്‍ പുനരാംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഇപ്പോഴുള്ളത് ഗുരുതര സാഹചര്യമാണെന്നും രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും സമിതി പറഞ്ഞു. കോടതി നടപടികളില്‍ ഇപ്പോള്‍ അഭിഭാഷകര്‍ അനുഭവിക്കുന്ന വിഷമതകള്‍ യോഗം ചര്‍ച്ച ചെയ്തെങ്കിലും നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ നിസഹായരാണെന്നാണ് സമിതി വിലയിരുത്തിയത്.
ജൂണ്‍ 19 ന് വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കാനാണ് നിലവിലെ തീരുമാനം. ജൂലൈ ആറിന് ആണ് അവധിക്ക് ശേഷം കോടതി പുനരാരംഭിക്കുന്നത്. സ്ഥിതി വിലയിരുത്തുന്നതിന് ഈ മാസം അവസാനം ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള വീണ്ടും സമിതി യോഗം ചേരും.