സുപ്രിം കോടതി ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന് ഉത്തരവിട്ടും കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സുപ്രധാന നിർദേശവും നൽകിയാണ് അശോക് ഭൂഷണിന്റെ പടിയിറക്കം.
കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബത്തിന് ധനസഹായത്തിന് അർഹതയുണ്ടെന്നും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലെ കുഴപ്പങ്ങൾ പരിഹരിക്കണമെന്ന് അടക്കമുള്ള അശോക് ഭൂഷണിന്റെ വിധി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി തീർന്നിരുന്നു.
ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കും ഭക്ഷണത്തിനുമടക്കം സുപ്രധാന ഉത്തരവുകൾ ഇറക്കി. മൊറട്ടോറിയൽ കാലയളവിൽ കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് നിർദേശം നൽകി. അയോദ്ധ്യ തർക്ക ഭൂമിക്കേസ്, മറാത്ത സംവരണം, ദയാ വധം തുടങ്ങി ഒരുപിടി ചരിത്രപരമായ വിധികളുടെ ഭാഗമായി.
അതേസമയം, ശബരിമല പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട ഒൻപത് അംഗ വിശാല ബെഞ്ചിലും അശോക് ഭൂഷൺ അംഗമായിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.



