സ്വന്തം സ്ഥാപനത്തിന്റെ മോഡലായി ഉടമ തന്നെ അഭിനയിക്കുന്നു. ഒപ്പം താരസുന്ദരിമാരായ ഹൻസികയും തമന്ന ഭാട്ടിയയും. അന്ന് മുതലാണ് ശരവണൻ അരുൾ എന്ന വ്യവസായി വലിയ ശ്രദ്ധനേടുന്നത്. തമിഴ്നാട്ടിൽ വളരെ തരംഗം സൃഷ്ടിച്ച പരസ്യചിത്രമായിരുന്നു അത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വിപണന തന്ത്രങ്ങൾ തന്നെയാണ് ശരവണൻ അരുളിന്റെ വിജയവും. ആദ്യമായി സിനിമയിൽ അഭിനയിക്കുമ്പോഴും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല.
ദ ലെജൻഡ് എന്ന ചിത്രത്തിലൂടെ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഈ അൻപത്തിരണ്ടുകാരൻ. സംവിധായകരായ ജെഡി-ജെറി ജോഡിയാണ് ‘ദ് ലെജൻഡ്’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയാണ് ഈ സിനിമ. 2019ൽ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.
2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഉർവശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകൾ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലൻ, മദൻ കാർക്കി, പാ. വിജയ്, സ്നേഹൻ എന്നിവരാണ് പാട്ടെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിർമാണവും ശരവണൻ തന്നെ.
ബിഗ് ബജറ്റിൽ അഞ്ചുഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തെ നാഷ്ണൽ സിനിമ എന്നാണ് അരുൾ വിശേഷിപ്പിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. വൻതുകയാണ് ചിത്രത്തിന്റെ പ്രമോഷനായി അദ്ദേഹം മുടക്കുന്നത്. കൊച്ചിയിൽ ശരവണൻ വിമാനമിറങ്ങി പുറത്തേക്ക് വന്നത് വലിയ കാഴ്ചയായിരുന്നു. വിമാനത്താവളത്തിൽ അദ്ദേഹത്തെ പൂമാല അണിയിച്ച് വരവേറ്റു കൂടാതെ അദ്ദേഹം സഞ്ചരിച്ച ആഡംബര കാറിന് അകമ്പടി സേവിച്ച് ബുള്ളറ്റിൽ യുവാക്കളുമുണ്ടായിരുന്നു. ലെജൻഡ് ചിത്രത്തിന്റെ പോസ്റ്റർ അണിഞ്ഞ ടീഷർട്ട് ഇവർ ധരിച്ചിരുന്നത്.
ആരാണ് ശരവണൻ
ചെന്നൈയിൽ ജീവിക്കുന്നവർക്ക് ഒരിക്കലും ശരവണ സ്റ്റോഴ്സ് അറിയാതെ തരമില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് വ്യാപാരത്തിൽ വേരുറപ്പിച്ച കുടുംബമാണ് ശരവണൻ അരുളിന്റേത്. 1970 കളിൽ സെൽവരത്നം, യോഗരത്നം, രാജരത്നം എന്നീ സഹോദരൻമാർ ടി നഗർ രംഗനാഥൻ തെരുവിൽ ‘ഷൺമുഖാ സ്റ്റോഴ്സ്’ എന്ന പേരിൽ ചെറിയൊരു പാത്രക്കട തുടങ്ങി. മൂന്ന് വർഷങ്ങൾക്ക് ശേഷം ശരവണ സ്റ്റോഴ്സ് എന്ന പേരിൽ തുണക്കടയും ആരംഭിച്ചു. സെൽവരത്നത്തിന്റെ മകനാണ് ശരവണൻ അരുൾ. സ്വത്ത് ഭാഗം ചെയ്തതിന് ശേഷം ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ ശരവണൻ ആയി മാറി. ഇന്ന് ദ ന്യൂ ലെജൻഡ് ശരവണൻ സ്റ്റോർ എന്ന പേരിൽ ഒരു വലിയ ഷോപ്പിങ് കോംപ്ലക്സും ശരവണന് സ്വന്തമായുണ്ട്. ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം അവിടെ വിൽക്കുന്നു.



