ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ സ്വകാര്യബസ് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം. റോഡിന് കുറുകെ കിടന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയപ്പോള്‍ ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ കൂടുതൽ പേരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. 42 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.