ഹാരാരെ: സിംബാബ്വെയ്ക്കെതിരായ ഏകദിന പരന്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന അവസാന മത്സരത്തിൽ 13 റണ്‍സിനു ജയിച്ചു കയറിയാണ് ഇന്ത്യ 3-0ന് പരന്പര സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 289, സിംബാബ്വെ 49.3 ഓവറിൽ 276ന് ഓൾഔട്ട്.
ഇന്ത്യ ഉയർത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെയ്ക്കായി സിക്കന്ദർ റാസ സെഞ്ചുറി നേടി. എന്നാൽ 95 പന്തിൽ 115 റണ്‍സെടുത്ത റാസയ്ക്ക് സിംബാബ്വെയെ വിജയിപ്പിക്കാനായില്ല. സിംബാബ്വെയെ 275 റണ്‍സിലെത്തിച്ച ശേഷമാണ് റാസ മടങ്ങിയത്. സീൻ വില്യംസും ( 46 പന്തിൽ 45) മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. ബ്രാഡ് ഇവാൻസ് 28 റണ്‍സും നേടി.
ഇന്ത്യയ്ക്കായി ആവേഷ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയാണ് കരുത്തായത്.
97 പന്തിൽനിന്ന് ശുഭ്മാൻ ഗിൽ 130 റണ്‍സ് നേടി. 15 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഇഷാൻ കിഷൻ (50), ശിഖർ ധവാൻ (40), കെ.എൽ.രാഹുൽ (30) എന്നിവരും തിളങ്ങി. സിംബാബ്വെയ്ക്കായി ബ്രാഡ് ഇവാൻസ് അഞ്ച് വിക്കറ്റ് വീഴ്ത്തി.



