തിരുവനന്തപുരം: സാലറി കട്ടുമായി ബന്ധപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ നല്‍കിയ രാജിക്കത്തില്‍ പുനഃപരിശോധന ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്ബളത്തില്‍ നിന്ന് 20% തുക പിടിച്ചതില്‍ പ്രതിഷേധിച്ചാണ് കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്‌എല്‍ടിസികളില്‍ നിയമിക്കപ്പെട്ട ജൂനിയര്‍ ഡോക്ടര്‍മാരില്‍ 868 പേര്‍ 10ന് രാജിവയ്ക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ അവരുടെ താല്പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന വേതനം ജൂനിയര്‍ നഴ്‌സുമാര്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ ആരോഗ്യവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 13, 900 രൂപയാണ് ജൂനിയര്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം. ഇത് 27,800 ആക്കണമെന്നാണ് ജൂനിയര്‍ നഴ്‌സുമാര്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.