ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായ സാറാസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സാറാസ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമായത് സംവിധായകന്‍ ആഷിഖ് അബു ആണെന്ന് ജൂഡ് വ്യക്തമാക്കുന്നു. ദ ക്യുവിനു നല്‍കിയ അഭിമുഖത്തത്തിലാണ് ജൂഡ് ഇക്കാര്യം തുറന്നു പറയുന്നത്.

അബോര്‍ഷന്‍ ചെയ്യുന്നതിനെ മോശപ്പെട്ട പ്രവര്‍ത്തിയായാണ് സിനിമകളില്‍ ഇതുവരെ ചിത്രീകരിച്ചിരുന്നതെന്നും അബോര്‍ട്ട് ചെയ്യാന്‍ പോകുന്ന ആളിനെ ഭീകരവാദിയെപ്പോലെയൊക്കെ അവതരിപ്പിക്കുമെന്നും ജൂഡ് പറയുന്നു. ആഷിഖ് അബു, മഹേഷ് നാരായണന്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ എഴുത്തുകാരും സംവിധായകരും നമുക്ക് തുറന്ന് നല്‍കിയിരിക്കുന്ന ഒരു സ്വാതന്ത്ര്യത്തെ തുടര്‍ന്നാണ് ഇത്തരം സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് ജൂഡ് പറയുന്നു.

‘അബോര്‍ഷന്‍ എന്നതിനെ ഒരു മോശപ്പെട്ട പ്രവര്‍ത്തിയായിട്ടായിരുന്നു പല സിനിമകളിലും അവതരിപ്പിച്ചിരുന്നത്. കോണ്ടം, സെക്സ് തുടങ്ങിയ വാക്കുകള്‍ പോലും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് സിനിമകളില്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയത്. ആഷിഖ് അബു, മഹേഷ് നാരായണന്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ എഴുത്തുകാരും സംവിധായകരും നമുക്ക് തുറന്ന് നല്‍കിയിരിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ സാറാസ് പോലൊരു സിനിമ ഞാന്‍ ചെയ്യില്ലായിരുന്നു. ആഷിഖ് അബുവാണ് അതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത്. കൊമേര്‍ഷ്യല്‍ ഹിറ്റായ ഒരു സിനിമയ്ക്ക് ശേഷമാണ് ആഷിഖ് അബു 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ ചെയ്തത്. ഒരു ഹിറ്റ് പടത്തിന് ശേഷം അത്തരത്തിലൊരു കോണ്‍സെപ്റ്റ് ചെയ്തപ്പോള്‍ തീര്‍ച്ചയായും അതെന്നെ അദ്‌ഭുതപ്പെടുത്തിയിരുന്നു’- ജൂഡ് പറഞ്ഞു.