തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ ജനങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തി കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐയുടെ മനസ് യു.ഡി.എഫിനൊപ്പമാണ്. സര്‍ക്കാറിനെ പിന്തുണച്ച് കഴിഞ്ഞ ആറു മാസമായി ഒരു പ്രസ്താവന പോലും സി.പി.ഐ നടത്തിയിട്ടില്ല. ഘടകകക്ഷി എം.എല്‍.എമാര്‍ സാങ്കേതികമായി മാത്രമേ സര്‍ക്കാറിനെ പിന്തുണക്കുന്നുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ ജനങ്ങളെയും പ്രതിപക്ഷത്തെയും സര്‍ക്കാര്‍ വഞ്ചിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാറിനെ പിന്തുണക്കാനുള്ള ശക്തമായ നിലപാട് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിപക്ഷത്തെ കളിപ്പിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ തീരുമാനം അധാര്‍മികമാണ്. യു.ഡി.എഫ് വോട്ട് വാങ്ങി വിജയിച്ച രണ്ട് എം.എല്‍.എമാരും മുന്നണി തീരുമാനത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കേണ്ടത്. ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ജനവിരുദ്ധ സര്‍ക്കാറിനെതിരെ എല്ലാവരും ഒന്നിക്കുമ്പോള്‍ ജോസ് വിഭാഗം വിട്ടുനില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.