തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആട്ടോഡ്രൈവര്‍ക്ക് രോഗം ബാധിച്ചതെവിടെ നിന്ന് അറിയാത്തത് ആശങ്ക ഉയര്‍ത്തുന്നു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച നാലുപേര്‍ക്കാണ് തലസ്ഥാനത്ത് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാവാത്തത്. അതേസമയം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടേത് പട്ടിക വിപുലമായ സമ്ബര്‍ക്കപട്ടികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകളിലായി കിടക്കുന്ന അഞ്ച് പ്രദേശങ്ങള്‍ ജൂണ്‍ 20 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടെ നാളെ മുതല്‍ സ്രവ പരിശോധന ആരംഭിക്കും..
ആറ്റുകാല്‍ പ്രദേശത്തു മൂന്ന് ടീമുകളായി 60 വീടുകള്‍ സന്ദര്‍ശിച്ചു. പൊലീസിന്റെ സഹകരണത്തോടെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹാളില്‍ തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അഞ്ച് ടീമുകളിലായി 140 വീടുകള്‍ സന്ദര്‍ശിച്ചു. എന്നാല്‍ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനായിട്ടില്ല. മണക്കാട് പ്രദേശത്ത് അണുനശീകരണം നടത്തി.
മണക്കാട്ടെ ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള അനാവശ്യ സന്ദര്‍ശനങ്ങളും ഒഴിവാക്കണം.
രോഗികള്‍ക്കൊപ്പം സഹായിയായി ഒരാളെ മാത്രമെ അനുവദിക്കൂ. ഇതിന് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കണം. ഒ.പി ഉള്‍പ്പെടെ മറ്റിടങ്ങളില്‍ സാമൂഹിക അകലം, മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ ഉറപ്പാക്കുകയും വേണം. എല്ലാ പൊതുഇടങ്ങളിലും ‘ബ്രേക്ക് ദ ചെയിന്‍’ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കൈ കഴുകുന്നതിനുള്ള സംവിധാനം പ്രവേശന കവാടത്തിനരികെ സ്ഥാപിച്ച് പരിപാലിക്കണമെന്നും അറിയിപ്പ് നല്‍കി.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താലൂക്ക് ഇന്‍സിഡന്റ്സ് കമാന്‍ഡര്‍മാരും പൊലീസും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് താക്കീത് നല്‍കും. ആവര്‍ത്തിക്കുകയാണെങ്കില്‍ സ്ഥാപനം അടച്ചിടുവാന്‍ വേണ്ട നടപടി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അധികാരികള്‍ അല്ലെങ്കില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ സ്വീകരിക്കണം. കാട്ടാക്കട പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 1,444 വീടുകള്‍ സന്ദര്‍ശനം നടത്തി. രോഗ ലക്ഷണം കണ്ടത്തിയ ഒരാളെ പരിശോധനക്കായി റഫര്‍ചെയ്തു. ഇവിടെ നിന്നും അയച്ച 111 സാമ്ബിള്‍ ഫലം നെഗറ്റീവാണ്.