കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മില്‍ പോര് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍  നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ  സമ്മേളനത്തിൽ ചർച്ചയാകും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറായി.

ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും അത് തള്ളിക്കളയാമെന്നും ബില്ലില്‍ പറയുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞിട്ട് ഗവര്‍ണര്‍ അതില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്നതോടെയാണ് നിയമസഭ വിളിച്ച് ബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കാലാവധി കഴിഞ്ഞ ഏഴ് ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായത്. ഇതേ തുടര്‍ന്ന് നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസാധാരണ പോരാണ് നിയമസഭാ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുക. ബുധനാഴ്ച ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ശക്തിയായി എതിര്‍ത്തേക്കും.

അതേസമയം ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഐയുടെ നിലപാട് നിര്‍ണായകമാകും. സര്‍ക്കാന്റെ പുതിയ ഭേദഗതിയില്‍ സിപിഐ ആരംഭം മുതല്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന് പകരം ലോകായുക്തയുടെ വിധി പരിശോധിക്കാന്‍ ഒരു സ്വതന്ത്ര ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്താമെന്നും സമിതി ഹിയറിംഗ് നടത്തട്ടെയെന്നുമാണ് സിപിഐയുടെ നിര്‍ദ്ദേശം.