തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി മാനന്തവാടി എംഎൽഎ ഒആർ കേളു സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്ക‍ർ എഎൻ ഷംസീർ, മന്ത്രിമാ‍ർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി, സിപിഎം, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവ‍രും ഒആർ കേളുവിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂ‍ർ ലോക്സഭാ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് ഒആ‍ർ കേളുവിന് നിയോഗം ലഭിച്ചത്.

വയനാട്ടിൽ നിന്നുള്ള സിപിഎമ്മിൻ്റെ ആദ്യ മന്ത്രിയാണ് ഒആ‍ർ കേളു. കൂടാതെ, ആദിവാസി വിഭാഗത്തിൽ നിന്നുള്ള സിപിഎമ്മിൻ്റെ ആദ്യ മന്ത്രിയും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കേളു, പാ‍ർട്ടിയുടെ പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ നേതാവ് കൂടിയാണ്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽ ഒന്നായ കുറിച്യ വിഭാഗത്തിൽപെട്ട ആളാണ് അദ്ദേഹം. 1970 ഓഗസ്റ്റ് രണ്ടിന് രാമൻ – അമ്മു ദമ്പതികളുടെ മകനായാണ് ജനനം. എസ്എസ്എൽസി പാതിവഴിയിൽ ഉപേക്ഷിച്ച് കാ‍ർഷികവൃത്തിയിലേക്ക് കേളു തിരിയുകയായിരുന്നു. ശാന്ത പികെ ആണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ നിന്നാണ് കേളു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നത്. 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. രണ്ട് വർഷക്കാലം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. 2016ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. മാനന്തവാടിയിൽനിന്ന് മത്സരിച്ച കേളു, സിറ്റിങ് എംഎൽഎയായ കോൺഗ്രസിന്റെ പികെ ജയലക്ഷ്മിയെ 1,307 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയായിരുന്നു. 2021ൽ ഭൂരിപക്ഷം 9,282 വോട്ടുകളായി ഉയർത്താനും കേളുവിനായി.