മുംബൈ: ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഏറ്റവും അധികം നിരാശരായത് മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിക്കാത്തതിലായിരുന്നു. ഈ വര്‍ഷം ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങിയ സഞ്ജു ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷ. 15 അംഗ ടീമില്‍ പോയിട്ട് സ്റ്റാന്‍ഡ് ബൈ താരമായി പോലും സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിച്ചില്ല.
മറുവശത്ത് ടി20 ക്രിക്കറ്റില്‍ എടുത്തു പറയാവുന്ന പ്രകടനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും റിഷഭ് പന്തിനെ നിലനിര്‍ത്തുകയും ചെയ്തു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം രംഗത്തുവന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിന്‍റെ പേര് ചര്‍ച്ചക്ക് പോലും വന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
റിഷഭ് പന്തിന് പകരം സഞ്ജുവിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. സഞ്ജു നിലവില്‍ ഏകദിന ടീമിന്‍റെ ഭാഗമാണ്. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. ഇതേ ടീമിനെ ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സെലക്ടര്‍മാര്‍ ആലോചിച്ചത്.



