കേരളത്തില്‍ ഐ സി എം ആര്‍ നടത്തിയ സിറോ സര്‍വേ ഫലം പുറത്ത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ 23 ലക്ഷം പേര്‍ക്കു വരെ കോവിഡ് വന്നു പോയിട്ടുണ്ടാകാമെന്ന് വിദഗ്‌ധരുടെ നിഗമനം. ഈ മാസം അവസാനത്തോടെ മാത്രമേ രോഗബാധ കുറഞ്ഞു തുടങ്ങുവെന്നാണ് സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.

എറണാകുളം, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാനവാരത്തിലാണ് സിറോ സര്‍വേ നടന്നത്. 1181 പേരെ പരിശേധിച്ചതില്‍ 11 പേര്‍ക്ക് രോഗം വന്നു പോയെന്ന് കണ്ടെത്തി. നിരക്ക് -0.8% . ഇതിന്റെ ആറു മുതല്‍ 10 ഇരട്ടി വരെ ആളുകള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ് സര്‍വേയുടെ അടിസ്ഥാനത്തിലുള്ള നിഗമനം.

അതായത് ഇപ്പോഴത്തെ ആകെ രോഗബാധിതര്‍ 2.29 ലക്ഷം . ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകാം. ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനം വൈറസ് ബാധിതരായാല്‍ രോഗം മൂര്‍ധന്യാവസ്ഥയിലെത്തി കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ കണക്കനുസരിച്ച്‌ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിന്റെ കോവി ഡ് മൂര്‍ധന്യാവസ്ഥ ഇനിയും അകലെയാണെന്ന് ചുരുക്കം .

അതേ സമയം സര്‍വേ ഫലം ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരമാണെന്നും ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കാമെന്നും അനുമാനമുണ്ട്. സര്‍വേ ഫല പ്രകാരം, പോസിറ്റീവാകുന്നവരെ പരിശോധനയില്‍ തിരിച്ചറിയാത്തത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വളരെ കുറവാണെന്നും ഇത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടെന്നുമാണ് വിലയിരുത്തല്‍.

ഒരേ സമയം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നാണ് സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്. ഈ മാസം പകുതിയോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്ന ആദ്യ നിഗമനം ഈ മാസം അവസാനമെന്ന് തിരുത്തിയാണ് പുതിയ സാധ്യതാ പഠനം.