സംസ്ഥാനത്താകമാനം 225 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സിഎഫ്എല്‍ടിസികളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതില്‍ 19478 ബെഡുകളില്‍ ഇപ്പോള്‍ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ 38 കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ 18 സിഎസ്എല്‍ടിസികളില്‍ അഡ്മിഷന്‍ ആരംഭിക്കുകയും 689 രോഗികള്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഐസിയു സൗകര്യങ്ങള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ തുടങ്ങി രോഗികളുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ പരമാവധി ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.