തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് കൂടാതെ ഇപ്പോഴുള്ള ന്യൂനമര്‍ദത്തിനുപുറമേ, ഓഗസ്റ്റ് ഒമ്പതാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദംകൂടി രൂപംകൊള്ളുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതല്‍ ദിവസങ്ങളിലേക്കു നീളുന്നത്.

കനത്തമഴയില്‍ സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് . കൃഷിക്കും മുന്നൂറോളം വീടുകള്‍ക്കും നാശമുണ്ടായി. ആളപായമില്ല.

മലപ്പുറത്ത് ഇന്ന് ചുവപ്പ് ജാഗ്രത (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു . അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് .

സംസ്ഥാനത്ത് 2261 പേര്‍ ക്യാമ്പുകളില്‍

സംസ്ഥാനത്ത് ആകെ 52 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന്‌ 621 കുടുംബങ്ങളിലെ 2261 പേര്‍ കഴിയുന്നു . 29 ക്യാമ്ബുകള്‍ തുറക്കേണ്ടിവന്ന വയനാടാണ് കൂടുതല്‍ ദുരിതബാധിതം . 446 കുടുംബങ്ങളിലെ 1613 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട് . മലപ്പുരം ജില്ലയില്‍ എട്ട് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട് .