സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇന്നലെ കോഴിക്കോട് വടകരയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 33 സെന്‍്റീമീറ്റര്‍ മഴയാണ് വടകരയില്‍ രേഖപ്പെടുത്തിയത്. മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മറ്റന്നാള്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയര്‍മാരുടെ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലുമുള്ള കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡാമുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പടെയുള്ള സമാന്തര വാര്‍ത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.