തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒരു കോടിയിലധികം ഡോസ് വാക്സിന്‍ നല്‍കിയതായി വീണാ ജോര്‍ജ് അറിയിച്ചു. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിന്‍ പാഴാക്കിയപ്പോള്‍ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ 1,00,13186 ഡോസ് വാക്സിന്‍ ആണ് നല്‍കിയത്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.

5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കി.