സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ദിനം മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 1,79,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 57879 ആക്റ്റീവ് കേസുകളാണുള്ളത്. വലിയതോതിലുള്ള വ്യാപനത്തിലേക്ക് പോകും എന്ന ആശങ്ക ആണ് നമുക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇത്രയും നാള്‍ രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ രോഗനിയന്ത്രണത്തില്‍ നമ്മള്‍ ബഹുദൂരം മുന്നിലായിരുന്നു. ആ സ്ഥിതിയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.

ശരാശരി 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കാണുന്നത്.ഇന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിവ്യു യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പ് മേധാവികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും പങ്കെടുത്തു.

കേസ് പെര്‍ മില്യണ്‍ കേരളത്തില്‍ 5143 ആയിരിക്കുന്നു. ഇന്ത്യന്‍ ശരാശരി 5852 ആണ്. എങ്കിലും കേസ് ഫറ്റാലിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ദേശീയ ശരാശരി 1.6 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 0.4 ശതമാനം മാത്രമാണ്. രോഗികള്‍ നമ്മള്‍ നല്‍കുന്ന മികച്ച പരിചരണത്തിന്റേയും സൗകര്യങ്ങളുടേയും ഗുണഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.