സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും എന്ന് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യമാണ്. അതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടത് അനിവാര്യമാണ്. എന്നാല്‍ അത് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ രൂപത്തിലാകരുത്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു. രോഗ വ്യാപനം വളരെ രൂക്ഷമായ സാഹചര്യത്തിലാണ് നാം നില്‍ക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ രോഗികളായി മാറുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കാനും പരിചരിക്കാനും ആളുകള്‍ ഇല്ലാതാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ ആള്‍ക്കൂട്ടം തടയുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കണമെന്നും അദ്ദേഹം അറിയിച്ചു.



