കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്‍ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. ഷഹബാസിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പോലീസിൻ്റെ നിര്‍ണായക നീക്കം.