തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റ എ.എൻ.ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറ്റു കക്ഷി നേതാക്കളും അഭിനന്ദിച്ചു. ഷംസീറിന് പ്രായത്തെ കടന്നുനിൽക്കുന്ന പക്വതയും പരിജ്ഞാനവും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ ഒരു റഫറി ആണെന്നോ നിഷ്പക്ഷനായ ഒരാളാകണമെന്നോ അഭിപ്രായമുള്ള ആളല്ല താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. സ്പീക്കറായി ഷംസീറിനെ തിരഞ്ഞെടുത്ത ശേഷം സഭയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സഭാ നടപടിക്രമങ്ങൾ ഭദ്രമായ ജനാധിപത്യ മാർഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിലും സഭാ അംഗങ്ങളുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിലും അസാധാരണമായ പ്രാഗത്ഭ്യം പുലർത്തിയ പ്രമുഖരുടെ നിരയാണ് ഈ നിയമസഭയുടെ ചരിത്രത്തിൽ എന്നും കാണാൻ കഴിയുക. ആ പാരമ്പര്യത്തെ കൂടുതൽ ശക്തവും ചൈതന്യത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ അങ്ങേയ്ക്ക് കഴിയുമെന്നതിൽ തനിക്ക് സംശയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘താരതമ്യേന ചെറിയ പ്രായത്തിൽ സഭാ അധ്യക്ഷ സ്ഥാനത്ത് വന്ന നിരവധി പേരുണ്ട്. ആ നിരയിലാണ് അങ്ങയുടേയും സ്ഥാനം. ഇതിലും കുറഞ്ഞ പ്രായത്തിൽ സഭാ അധ്യക്ഷ സ്ഥാനത്ത് വന്ന സി.എച്ച്.മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യവും ഞാൻ മറക്കുന്നില്ല. അത്രത്തോളം ഇളപ്പം ഇല്ലെങ്കിലും പ്രായത്തെ കടന്നുനിൽക്കുന്ന പരിജ്ഞാനവും പക്വതയും അങ്ങേയ്ക്കുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതൽക്കൂട്ടാകും. ഈ സഭയിലുള്ളതിൽ 33 അംഗങ്ങൾ 27നും 48നും ഇടയിൽ പ്രായമുള്ളവരാണ്. സഭയ്ക്ക് പൊതുവിൽ ഒരു യുവത്വമുണ്ട്. ആ പ്രായഗണത്തിൽപ്പെട്ട ഒരാൾ അധ്യക്ഷ സ്ഥാനത്ത് വരുമ്പോൾ സഭയുടെ സമസ്ത പ്രവർത്തന മണ്ഡലത്തിലും പ്രസരിപ്പ് വരും എന്ന് വേണം കരുതാൻ’ മുഖ്യമന്ത്രി പറഞ്ഞു.
സഭാ കാര്യങ്ങൾ നിഷ്പക്ഷമായും കർമോത്സകമായും മുന്നോട്ട് കൊണ്ടുപോകുന്നതിൽ എം.ബി.രാജേഷ് വഹിച്ച മാതൃകാപരമായ നേതൃത്വത്തെ അഭിനന്ദിക്കുന്നു. അതേ വഴിയിൽ തന്നെ അങ്ങും സഞ്ചരിക്കുമെന്നും പ്രത്യാശിക്കുന്നു. സമൂഹത്തിൽ ഇടപ്പെട്ട് വളർന്നതിന്റെ പശ്ചാത്തലമുള്ള ആളാണ് പുതിയ സ്പീക്കർ. മതനിരപക്ഷേതയുടെ മൂല്യം എന്താണ് എന്നത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
സർക്കാർ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കലും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യങ്ങൾ അനുവദിച്ചുകൊടുക്കലുമാണ് സ്പീക്കറുടെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സഭാനാഥന്റെ ചവിട്ടുപടിയിലേക്ക് കയറിയപ്പോൾ ചരിത്രത്തിലേക്ക് കൂടിയാണ് അങ്ങ് നടന്നുകയറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ‘ഇന്ത്യയിലെ ഏത് നിയമസഭയേക്കാളും സംവാദങ്ങളുടെ കാര്യത്തിലും സഭ ചേരുന്ന ദിനങ്ങളുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്നവരാണ് നമ്മൾ. ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിയമസഭാ സ്പീക്കർ ഒരു റഫറി ആണെന്നോ നിഷ്പക്ഷനായ ഒരാളാകണമെന്നോ അഭിപ്രായമുള്ള ആളല്ല ഞാൻ. തീർച്ചയായും സർക്കാരിന്റെ പ്രവർത്തനങ്ങളെ ഭരണഘടനാപരമായ കർത്തവ്യങ്ങളെ നടത്തി കൊടുക്കാനുള്ള ചുമതല സ്പീക്കർക്കുണ്ട്. അതേ അവസരത്തിൽ തന്നെ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഞങ്ങൾ നമ്പറിൽ കുവാണെങ്കിലും അത് സംരക്ഷിച്ചു നൽകുന്ന കാര്യത്തിൽ അങ്ങ് മുൻപന്തിയിൽ നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ സതീശൻ വ്യക്തമാക്കി.
സ്പീക്കറുമായി സംഘർഷങ്ങൾ കുറവുള്ള കാലഘട്ടമായിരുന്നു രാജേഷിന്റേത്. ഗൗരവപരമായ സംവാദങ്ങളെ ആസ്വദിച്ചിരുന്ന ഒരു സ്പീക്കറായി അദ്ദേഹം. മാതൃകപരമായ സമീപനത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്പീക്കർ തിരഞ്ഞെടുപ്പിലെ യുഡിഎഫിലെ അൻവർ സാദത്തിനെയാണ് ഷംസീർ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടുകൾ ലഭിച്ചപ്പോൾ അൻവർ സാദത്തിന് 40 വോട്ടുകളാണ് കിട്ടിയത്.



