തൃശൂര്‍: കോടതി മുറിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും നാവികസേന പിടികൂടി. ജൂലൈ ഒന്നിനാണ് തൃശൂര്‍ സി.ജെ.എം. കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍നിന്നും ശ്രീലങ്കന്‍ പൗരനായ  അജിത് കിഷന്‍ പെരേര രക്ഷപ്പെട്ടത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ വിയ്യൂര്‍ പോലീസ്  എടുത്ത കേസിന്റെ വിചാരണയ്ക്ക് എത്തിയപ്പോഴാണ് മുങ്ങിയത്. 

മുറിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഇയാളുടെ വിലങ്ങ് അഴിച്ചിരുന്നു. മുറിയില്‍ കടന്ന് അല്‍പ്പം കഴിഞ്ഞപ്പോള്‍ കോടതിയില്‍ വൈദ്യുതി മുടങ്ങിയ തക്കം നോക്കി പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ ഇയാള്‍ ഒളരി പള്ളിക്കു സമീപത്തുനിന്നും സൈക്കിള്‍ മോഷ്ടിച്ച് വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ തീരദേശം വഴി വരാപ്പുഴ പാലം വഴി കൊച്ചിയില്‍ സൈക്കിളില്‍ സഞ്ചരിച്ചതായി വെസ്റ്റ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  

നൂറില്‍ പരം സിസിടിവികള്‍ ഇതിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചിരുന്നു. മട്ടാഞ്ചേരിയിലെ പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗിച്ചശേഷം കൊച്ചി നഗരം വഴി മട്ടാഞ്ചേരിയിലെത്തി. മൂന്നു ദിവസം ഇവിടെ ബോട്ട് ജെട്ടിയിലും പരിസരത്തും കഴിഞ്ഞു. ജൂലൈ 27നു പ്രതി ഇവിടെനിന്ന് മുങ്ങിയെന്നും ബോധ്യപ്പെട്ടിരുന്നു. പിന്നീട്  പൊങ്ങിയത് തിരുവനന്തപുരത്തും കന്യാകുമാരിയിലുമാണ്.