തിരുവനന്തപുരം: വ്യക്തിഹത്യ നടത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വിധത്തില്‍ മന്ത്രി കെ.കെ.ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് പ്രസ്താവിച്ചു.
രാഷ്ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ടത് വ്യക്തിഹത്യ നടത്തിയും സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചുമല്ല. അത്തരം രീതികള്‍ സ്വീകരിക്കാതിരിക്കാനുള്ള ജനാധിപത്യ പക്വത സംവാദങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും പുലര്‍ത്താന്‍ മുല്ലപ്പള്ളിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയണം.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അവഹേളനപരമായ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം രീതിയായി മാറിയിട്ടുണ്ട്. ഒരു നിലക്കും ഇത് അംഗീകരിക്കാനാവില്ല.
മന്ത്രി ശൈലജക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കാനും ക്ഷമാപണം നടത്താനും മുല്ലപ്പള്ളി തയ്യാറാകണം.ഈ നാടിനെ താങ്ങി നിര്‍ത്തിയ പ്രവാസി സമൂഹത്തെ ‘അവര്‍ നമ്മള്‍ ‘എന്ന അപര വല്‍ക്കരണത്തിലേക്കും അന്യതാ ബോധത്തിലേക്കും മാറ്റിനിര്‍ത്താനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടത്തുന്ന ഭരണകൂടങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമായി ഇത്തരം പ്രസ്താവനകള്‍ മാറുമെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.