തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സെക്രട്ടേറിയറ്റിനു സമീപത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും ഫ്ളാറ്റുകളില്‍ മൂന്നാംതവണയും പരിശോധന നടത്തി.
ശിവശങ്കര്‍, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കും സുഹൃത്തുക്കള്‍ക്കുമായി സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റില്‍ വച്ചു പാര്‍ട്ടി നടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത് . ഫ്ളാറ്റിലെ ജീവനക്കാരില്‍ നിന്ന ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ശിവശങ്കറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ തേടുന്നതിനായിരുന്നു ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന പരിശോധന. ശിവശങ്കര്‍ വാടകക്കെടുത്ത ഫ്ളാറ്റ്, സ്വപ്നയ്ക്കായി എടുത്ത ഫ്ളാറ്റ് കൂടാതെ മറ്റു മൂന്ന് ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ചിലര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ഈ ഫ്ളാറ്റ് സമുച്ചയത്തിലെ മറ്റ് ഫ്ളാറ്റുകളില്‍ താമസിക്കുകയും ചെയ്തിരുന്നുവെന്നാണ് എന്‍ഐഎയ്ക്കു ലഭിച്ച വിവരം. പാര്‍ട്ടി നടന്നുവെന്ന് കരുതുന്ന ദിവസം അവ്യക്തതയുള്ളതിനാല്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു . അന്വേഷണ സംഘത്തിലെ നാല് ഉദ്യോഗസ്ഥരാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്ളാറ്റ് സമുച്ചയത്തില്‍ പരിശോധനയ്ക്ക് എത്തിയത് .