പാലക്കാട്​: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കലാപാഹ്വാനത്തിന്​ കേസെടുത്ത നടപടിയെ വിമർശിച്ച്​ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ”നിരന്തരം വർഗീയത പറയുന്ന ശശികലക്കെതിരെ കലാപാഹ്വാനത്തിന്​ കേസെടുക്കുന്നില്ലെങ്കിലും രാഷ്ട്രീയം പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയ കേസെടുക്കാൻ സംഘാവിന്‍റെ പൊലീസ്​ കാണിച്ച ആവേശം കൊള്ളാം. തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ്​ തീരുമാനം” ഷാഫി പറമ്പിൽ എം.എൽ.എ ​സമൂഹമാധ്യമത്തിൽ കുറിച്ചു.

മലമ്പുഴ ഷാജഹാൻ കൊലപാതകവുമായി ബന്ധപ്പെട്ട് ‘മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു സി.പി.എം? ‘ എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 16ന് രാവിലെ ഇട്ട ​ഫേസ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അടൂര്‍ പൊലീസിന്റെ നടപടി. 

ഐ.പി.സി. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികളുടെ സമൂഹമാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്.