തിരുവനന്തപുരം :ശബരിമലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നൂറ് കോടി നല്‍കിയെങ്കിലും അതില്‍ അഞ്ച് കോടി മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാരും ഇക്കാര്യത്തില്‍ യാതൊരു താത്പ്പര്യവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശിവവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉത്തരവ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ചെമ്ബഴന്തി ഗുരുകുലത്തിന് മുന്നില്‍ ബിജെപി നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് അട്ടിമറിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ വിമര്‍ശിച്ച സുരേന്ദ്രന്‍ കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതായും ആരോപിച്ചു.

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചതായാണ് ഇടത്, വലത് സംഘടനകള്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തുന്നവര്‍ ശബരിമല വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പ്രതിപാദിക്കാത്തതെന്താണ്. ഇതിനായി കേന്ദ്രം നല്‍കിയ 100 കോടിയുടെ ഫണ്ടില്‍ വെറും 5 കോടി മാത്രമാണ് ഉപയോഗപ്പെടുത്തിയത്. ഈ തുകയെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനായി പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വേണ്ടത്ര താത്പ്പര്യമില്ല. പല കേന്ദ്രപദ്ധതികളും സംസ്ഥാനം അട്ടിമറിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതി ഇത്തരത്തില്‍ ഒന്നാണ്. ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടില്‍ ആരുടേയും ദുഷ്ചിന്ത നടപ്പിലാവില്ല. പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ തീരുമാനമുണ്ടാക്കുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.