ന്യൂഡല്‍ഹി: മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ സ്വയംപ്രതിരോധത്തിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശത്രുരാജ്യം നമ്മെ ആക്രമിക്കുകയാണെങ്കില്‍, എല്ലാ തവണത്തേയും പോലെ ഉചിതമായ മറുപടി നല്‍കും. ദേശീയ സുരക്ഷാ വിഷയത്തില്‍ എന്തു തന്നെ ചെയ്താലും അത് സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ മറ്റുള്ളവരെ ആക്രമിക്കാനല്ല’ രാജ്നാഥ് പറഞ്ഞു.
ഹൃദയങ്ങള്‍ കീഴടക്കുക എന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മറിച്ച് ഭൂമി കീഴടക്കുന്നതിലല്ല. എന്നാല്‍ നമ്മുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ആരേയും അനുവദിക്കുമെന്ന് അതിന് അര്‍ഥമില്ല. ഇന്ത്യ ആരേയും ആക്രമിക്കുകയോ ആരുടേയെങ്കിലും ഭൂമി പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.



