ന്യൂഡൽഹി: ബി.ജെ.പി. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ. കോർകമ്മിറ്റിയിൽ ഇല്ലാത്തതിന്റെ പേരിൽ വ്യക്തിയെന്ന നിലയിൽ വേദനയുണ്ടായിരിക്കാം. എന്നാൽ കേരളത്തിലെ ജനങ്ങളുടെ മനസ്സിലെ കോർകമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നും അവർ പറഞ്ഞു. ഡൽഹിയിൽ മാധ്യമ പ്രവർത്തരെ കണ്ടപ്പോഴായിരുന്നു അവരുടെ പ്രതികരണം.

‘കോർ കമ്മിറ്റിയിൽ ഇല്ലാത്തതിന്റെ പേരിൽ വ്യക്തിയെന്ന നിലയിൽ വേദനയുണ്ടായിരിക്കാം. കഴിഞ്ഞ പത്തിരുപത്തിയെട്ട് വർഷം കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നിൽ പ്രവർത്തിച്ച സ്ത്രീയെന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ വീടിനകത്ത് ഒരു കോർകമ്മിറ്റിയുണ്ട്. വീട്ടിലെ അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കോർ കമ്മിറ്റിയാണത്. അത് ജനത്തിന്റെ കോർകമ്മിറ്റിയാണ്. ആ കോർകമ്മിറ്റിയാണ് തീരുമാനിക്കുന്നത് കേരളത്തിൽ ആർക്ക് ഏത് പദവി അവരുടെ മനസ്സിനകത്ത് നൽകണമെന്ന്. ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു, എനിക്ക് അവരുടെ കോർകമ്മിറ്റിയിൽ സ്ഥാനമുണ്ട്’, ശോഭാ സുരേന്ദ്രൻ പറഞ്ഞു.