തിരുവനന്തപുരം∙ വെഞ്ഞാറമൂട് തേമ്ബാംമൂടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമഗ്ര അന്വേഷണം വേണം. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. കേരളം തലകുനിക്കുന്നുവെന്നും തിരുവോണത്തിന് ചോരപ്പൂക്കളമൊരുക്കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മള്‍ മുന്നോട്ടു പോവുമ്ബോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.ഇത് ആസൂത്രിതമായ കൊലപാതകമാണ്.ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണം- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വെഞ്ഞാറമൂട് തേമ്ബാന്‍മൂട് ജംക്‌ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. വെമ്ബായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്ബാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.