തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് മദപുരം ഉണ്ണി പിടിയിലായി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്നയാളാണ് മദപുരം ഉണ്ണി.

മദപുരത്തുള്ള ഒരു പാറയുടെ മുകളില്‍ നിന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അന്‍സറിനായുള്ള തെരച്ചില്‍ തുടരുകയാണ്.

ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്‍ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഷജിത്ത്, അജിത്ത്, നജീബ്, സതിമോന്‍ എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു.