ബെംഗളൂരു: ലക്ഷണമില്ലാത്തതും നേരിയ ലക്ഷണങ്ങള്‍ മാത്രവുള്ള രോഗികള്‍ക്കുള്ള ഹോം ഐസൊലേഷന്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി മെക്രോ കണ്ടെയ്ന്‍മെന്‍റ് സോണ്‍, സാനിറ്റൈസേഷന്‍ നടപടികളിലെ പഴയ പെരുമാറ്റച്ചടങ്ങള്‍ പുനരുജ്ജീവിപ്പിച്ച്‌ ബെംഗളൂരു കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി ബെംഗളൂരുവിലുടനീളം ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് ചുവന്ന ടേപ്പ് ഉപയോഗിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഉണ്ടെന്ന് സൂചിപ്പിക്കുകയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

ചുവന്ന ടേപ്പ് ഉപയോഗിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പുറമെ 14 ദിവസത്തെ ഹോം ക്വാറന്‍റൈനെ കുറിച്ച്‌ വ്യക്തമാക്കുന്ന നോട്ടീസും പതിക്കുന്നുണ്ട്. നഗരത്തിന്‍റെ വിവിധ മേഖലകളിലെ ചില വീടുകള്‍ ചുവന്ന ടേപ്പ് ഉപയോഗിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ബിബിഎംപി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടവും പരിസര പ്രദേശങ്ങളും സാനിറ്റൈസേഷന്‍ ചെയ്യുന്നതിന് തൊഴിലാളികളെ വിന്യസിക്കുന്ന കോര്‍പ്പറേഷന്‍ കോവിഡ് രോഗികളുടെ കൈകളില്‍ സീലുകള്‍ പതിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികളുള്ള എല്ലാ വീടുകളിലും സര്‍വേ നടത്താന്‍ ഞങ്ങളുടെ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്ത വ്യക്തമാക്കുന്നു. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് വെസ്റ്റ് സോണില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും അഭിപ്രായപ്പെടുന്നു. മിക്കയിടത്തും തങ്ങളുടെ സമീപത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അയല്‍ക്കാര്‍ക്ക് പോലും അറിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണം നല്ലതാണെന്നും അദ്ദേഹം പറയുന്നു.

ഇത്തരം നടപടികള്‍ അശ്രദ്ധമായി രോഗിയുമായി ബന്ധപ്പെടുന്നതില്‍ നിന്നും ആളുകളെ തടയും. രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ വാര്‍ഡ് തലങ്ങളില്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വെസ്റ്റ് സോണ്‍ ജോയിന്റ് കമ്മീഷണര്‍ ബി ശിവസ്വാമിയും വ്യക്തമാക്കുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആശ വര്‍ക്കേഴ്സ് എന്നിവരും രോഗികളുമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.