വിഴിഞ്ഞം സമരത്തിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിനെതിരെ ശശി തരൂർ എംപി.തീരശോഷണത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിരാശപ്പെടുത്തുന്നതെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞത്തെ സമരക്കാരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. സമരക്കാരെ കാണാൻ മുഖ്യമന്ത്രി തയാറാകണമായിരുന്നെന്നും തരൂർ പറഞ്ഞു.
വിഴിഞ്ഞം സമരം മുന്‍കൂട്ടി തയാറാക്കിയതെന്നാണ് മുഖ്യമന്ത്രി നേരത്തേ നിയമസഭയില്‍ പറഞ്ഞത്. സമരക്കാരെല്ലാം വിഴിഞ്ഞം പ്രദേശത്തുള്ളവരല്ല. തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖമാണെന്നു പറയാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തുറമുഖനിര്‍മാണം ഒരു തരത്തിലുള്ള തീരശോഷണത്തിനും കാരണമാകുന്നില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കിയത്.
ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികള്‍ ഓരോ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



