വിശുദ്ധ കുർബാനയോടുള്ള സ്നേഹത്തെ പ്രചോദിപ്പിക്കാൻ ആഹ്വാനം ചെയ്ത്  ഫ്രാൻസിസ് പാപ്പാ. നടക്കാനിരിക്കുന്ന അമേരിക്കൻ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ കമ്മിറ്റി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം ആഹ്വാനം ചെയ്തത്.

“പരിശുദ്ധ കുർബാന ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യവും സ്നേഹവുമാണ് എന്നതിനേക്കാൾ വെറുമൊരു പ്രതീകം മാത്രമായി കണക്കാക്കുന്നവരും കത്തോലിക്ക വിശ്വാസികളിൽ ഇന്നുണ്ട് എന്നത് സങ്കടകരമാണ്. അതിനാൽ ദിവ്യകാരുണ്യ കോൺഗ്രസ് രാജ്യത്തിലെ മുഴുവൻ കത്തോലിക്കരെയും, കർത്താവ് തന്നെത്തന്നെ സ്വയം നൽകുന്ന ഈ വലിയ ദാനത്തെക്കുറിച്ചുള്ള ആശ്ചര്യവും അത്ഭുതവും വീണ്ടും കണ്ടെത്താനുമുള്ള അവസരമാണ് ഇത്. ഈ അവസരം കർത്താവുമായി പരിശുദ്ധ കുർബാനയിൽ സമയം ചിലവഴിക്കാനും പരിശുദ്ധ കുർബാനയുടെ മുമ്പിൽ വ്യക്തിപരമായ പ്രാർത്ഥനയിലും ആരാധനയിലും ചിലവഴിക്കാനും ഇടയാക്കട്ടെ എന്ന് താൻ പ്രത്യാശിക്കുന്നു” – പാപ്പാ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വൈദിക ദൈവവിളി വളർത്തിക്കൊണ്ടുവരേണ്ട ആവശ്യകതയെക്കുറിച്ചു പറഞ്ഞ പാപ്പാ, വൈദികർ ഇല്ലാതെ പരിശുദ്ധ കുർബാന ഉണ്ടാവുകയില്ല എന്നും ഓർമ്മിപ്പിച്ചു. വിശുദ്ധ കുർബാനയിൽ നമ്മൾ ആഘോഷിക്കുന്ന ആ സ്നേഹം തിരിച്ചറിയുകയും അത് എല്ലാവരുമായി പങ്കുവയ്ക്കുകയും നമുക്കു വേണ്ടി മാത്രമായി സൂക്ഷിക്കാൻ കഴിയുകയില്ലെന്ന് തിരിച്ചറിയുകയും ചെയ്യാതെ നമുക്ക് ഒരിക്കലും സുവിശേഷത്തിന്റെ സന്തോഷത്തിന്റെയും രൂപാന്തരപ്പെടുത്തലിന്റെയും വിശ്വസനീയരായ സാക്ഷികളാകാൻ സാധിക്കുകയില്ല എന്നും പാപ്പാ പറഞ്ഞു.