ആലപ്പുഴ: കായംകുളം ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലപ്പുഴ പോലീസ് സൂപ്രണ്ടിന് കമ്മീഷന്‍ അംഗം അഡ്വ. എം.എസ്.താര നല്‍കിയിക്കുന്ന നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സ്ത്രീധനം കുറഞ്ഞു പോയതിനാല്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനംനൊന്ത്ആറാട്ടുപ്പുഴ സ്വദേശിയായ അര്‍ച്ചന ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരിച്ചത്. വിഷക്കായ കഴിച്ചാണ് അര്‍ച്ചന ജീവനൊടുക്കിയത്. കണ്ടല്ലൂര്‍ സ്വദേശിയും മുന്‍സഹപാഠിയുമായ യുവാവുമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. അര്‍ച്ചനയെ വിവാഹം കഴിച്ചു തരണമെന്ന് വീട്ടുകാരോടും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ അടുത്തിടെ സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കം ഇരുവരുടെയും ബന്ധം വഷളാക്കി. വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്ന് യുവാവ് അര്‍ച്ചനയോട് ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ ഇയാള്‍ ബന്ധത്തില്‍ നിന്നും പിന്മാറി. പിന്നീട് മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.ഇതില്‍ മനംനൊന്താണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് യുവാവുമായി അര്‍ച്ചന നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖയും വീട്ടുകാര്‍ കേള്‍ക്കുന്നത്. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.



