ന്യൂഡല്‍ഹി: വഞ്ചനാകുറ്റത്തില്‍ ആരോപണവിധേയനായ വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ അമി മോദിയ്ക്ക് ഇന്റര്‍പോള്‍ നോട്ടിസ്. ഇവര്‍ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ് റെഡ് കോര്‍ണര്‍ നോട്ടിസ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തില്‍ ആമിയുടെ പേര് ചേര്‍ത്തിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 30 മില്യണ്‍ ഡോളര്‍ വിലവരുന്ന രണ്ടു അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി.

13000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്ന വജ്ര വ്യവസായിയാണ് നീരവ് മോദി. നേരത്തേ ഇദ്ദേഹത്തിന്റെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു.