ആർടിഐ കേരള ഫെഡറേഷൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സുപ്രീം കോടതിയിലെ അഭിഭാഷകൻ ഡോ. ജോസ് ഏബ്രഹാമിന്. നിയമത്തിൻറെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് പുരസ്കാരം. ആർടിഐ പോർട്ടൽ രാജ്യമെങ്ങും നിലവിൽ വരാനും ആർടിഐ നിയമത്തെ ദുർബലമാക്കുന്ന ഡിപി ഡിപിക്കെതിരെയും അദ്ദേഹം സുപ്രീം കോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങൾ,നിയമത്തിൻറെ പ്രചാരത്തിന് മുതൽ കൂട്ടായ ഗ്രന്ഥ രചനകൾ വരെയുള്ള പരിശ്രമങ്ങളും ജൂറി പരിഗണിച്ചു.

മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. എ. ഹക്കിം ചെയർമാനും ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് ,ഉപഭോക്‌തൃ കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡൻറ് ഡി ബി ബിനു,വയോജന കമ്മിഷൻ അംഗം കെ. എൻ . കെ. നമ്പൂതിരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാക്ഷ്യപത്രവും ഫലകവും 25, 000 രൂപയും അടങ്ങിയ അവാർഡ് ജൂണിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ.ശശി കിഴക്കട,ജനറൽ സെക്രട്ടറി ജോളി പാവേലിൽ എന്നിവർ അറിയിച്ചു.

പ്രവാസി ലീഗൽ സെൽ എന്ന സംഘടനയുടെ ഫൗണ്ടറും ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ജോസ് എബ്രഹാം പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി നിരവധിയായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. പ്രവാസികൾക്ക് വലിയ ആശ്വാസമാണ് എല്ലാ സംസ്ഥാനങ്ങളിലും ഹൈകോടതികളിലും ഓൺലൈൻ പോർട്ടലുകൾ സ്ഥാപിതമായത് മൂലമുണ്ടായത്. മുൻപ് വിദേശത്തുനിന്നും കത്തായി അയച്ചിരുന്ന വിവരാവകാശ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി നൽകാൻ സാധിക്കുന്നു എന്നുള്ളതാണ് നിലവിലുള്ള അനുകൂല സാഹചര്യം. നഴ്സുമാരുടെ ബോണ്ട് സിസ്റ്റം നിർത്തലാക്കികൊണ്ടുള്ള കോടതി വിധി നേടിയെടുത്തതും അഡ്വ. ജോസ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നൽകുന്ന ഐവിഎൽപി ഇമ്പാക്ട് അവാർഡ് – 2023 ജേതാവ് കൂടെയാണ്. കൂടാതെ ഒൻപതോളം നിയമ ഗ്രന്ഥ്ങ്ങളുടെ രചയിതാവ് കൂടെയാണ് അഡ്വ. ഡോ. ജോസ് എബ്രഹാം .