വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മാണമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. വൈദികരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനുപേരാണ് ഇന്നും പ്രതിഷേധവുമായെത്തിയത്.
തുറമുഖ കവാടത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ കയറ്റിവിടണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചു. കവാടത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടില്‍ പതാക നാട്ടിയശേഷം വാഗ്ദാനമനുസരിച്ച് പ്രതിഷേധക്കാര്‍ സമാധാനപരമായി പിരിഞ്ഞുപോയി.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അടുത്തവര്‍ഷത്തോടെ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ പുനരധിവാസ പാക്കേജ് നടപ്പായില്ലെങ്കില്‍ പിന്നീട് അതിനുള്ള സാധ്യത തീരെക്കുറവാണെന്ന വിലയിരുത്തലാണ് സമരം ശക്തമാക്കാനുള്ള കാരണം.
തുറമുഖ നിര്‍മാണം നിറുത്തിവച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുക, പദ്ധതി കാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് മോഡല്‍ സബ്‌സിഡി നടപ്പാക്കുക, ജോലിക്കുപോകാന്‍ കഴിയാത്ത തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ബിഷപ് ഹൗസില്‍നിന്ന് സമരപന്തലിലേക്ക് താമസം മാറ്റാനും തയാറാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.



