തിരുവനന്തപുരം: വിഴി‌ഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ സഭയുടെ പിന്തുണയോടെ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന പ്രക്ഷോഭത്തിൽ സമവായസാധ്യത തുറന്ന് സർക്കാർ. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചിലും ഉടൻ പ്രശ്ന പരിഹാരമുണ്ടാവുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാനും തിരുവനന്തപുരത്തിൻ്റെ ചുമതലയുള്ള മന്ത്രി ആൻ്റണിരാജുവും സമരക്കാര്‍ക്ക് ഇന്ന് ഉറപ്പുനൽകി.

തുറമുഖ നിർമാണം, മണ്ണെണ്ണ സബ്സിഡി എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് സമരക്കാരുമായി ചർച്ച നടത്തും എന്നാണ് ഇന്നുണ്ടായ ധാരണ. മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കും വരെ സമരം  തുടരാനാണ് സമരസമിതിയുടെ തീരുമാനം. 

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിച്ചു കൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ സാധിച്ചെങ്കിലും അവരെ ഒപ്പം നിര്‍ത്താനും സമവായത്തിന് വഴി തുറക്കാനും ഇന്ന് സര്‍ക്കാരിന് സാധിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരെ ഓണത്തിന് മുൻപായി വാടക വീടുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഈ വീടുകളുടെ വാടക സര്‍ക്കാര്‍ നൽകും. ഇതിനായി കളക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. വീട് നഷ്ടമായവരുടെ സ്ഥിരം പുനരധിവാസം പെട്ടെന്ന് നടപ്പാക്കും. മുതലപ്പൊഴിയിലെ അപകടസാധ്യത  പരിഹരിക്കാനും സ‍ര്‍ക്കാര്‍ നടപടി ഉറപ്പ് നൽകിയിട്ടുണ്ട്.