വിഴിഞ്ഞം സമരക്കാരുമായുള്ള സർക്കാരിന്റെ മൂന്നാംഘട്ട ചർച്ചയും പരാജയം. ലത്തീൻ അതിരൂപത പ്രതിനിധികളുമായി മന്ത്രിസഭ ഉപസമിതി നടത്തിയ മൂന്നാംഘട്ട ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്താനാവില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു. ഇതോടെ സമരം തുടരുമെന്നും പ്രതിനിധികൾ വ്യക്തമാക്കി.

മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിൽ ചർച്ച നടന്നില്ല. നിർമാണം നിർത്തിവെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ചർച്ചകൾ തുടരും. മുഖ്യമന്ത്രിയുമായി ചർച്ച നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി വ്യക്തമാക്കി.

അതുവരെ സമരം അതിശക്തമായി തുടരുമെന്നും വൈദികർ വ്യക്തമാക്കി. സമരത്തെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വൈദികർ ചൂണ്ടിക്കാട്ടി. ഇതിനിടെ പുനരധിവാസത്തെക്കുറിച്ച് അടക്കം ചർച്ച ചെയ്യാൻ 27ന് പ്രത്യേക യോഗം ചേരും.

ചർച്ചയിൽ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളും ചർച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സമരസമിതിയിലെ സഭാ പ്രതിനിധികൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാർ അറിയിച്ചുവെന്ന് സഭാ നേതൃത്വം പറഞ്ഞു.

അടിയന്തിര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യർത്ഥിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.