കണ്ണൂർ: സിഎംആർഎൽ – എക്സാലോജിക് കേസിലെ ഇഡി റെയ്ഡിന് പിന്നിൽ ബിജെപി കോൺഗ്രസ് നീക്കമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും മട്ടന്നൂർ എംഎൽഎയുമായി വികെ സനോജ്. മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്നലെ സന്ദർശിച്ചതുമായി ബന്ധപ്പെടുത്തിയാണ് വികെ സനോജിൻ്റെ വിമർശനം. ഇത്തരം നീക്കങ്ങളെ കേരളം ഒന്നായി ചെറുത്തു തോൽപ്പിക്കുമെന്നും വികെ സനോജ് പറഞ്ഞു.

വികെ സനോജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള മുഖ്യമന്ത്രി വിഡി സതീശൻ മേനോൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിൻ്റെ തൊട്ടടുത്ത ദിവസമാണ് പ്രതിപക്ഷ നേതാവും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയൻ്റെയും കുടുംബത്തിൻ്റെയും വീടുകളിൽ ഇ ഡി റെയ്ഡ് നടക്കുന്നത്.

സഖാവ് പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലിരിന്ന വേളയിൽ സിപിഐഎമ്മിനെയും കേരളത്തിലെ ഇടതു പക്ഷത്തേയും വേട്ടയാടാൻ പലതവണ ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി ഗവണ്മെന്റ് ശ്രമിച്ചിരുന്നെങ്കിലും അതൊന്നും കമ്യൂണിസ്റ്റ് പാർടിക്ക്‌ നേരെ അരയിഞ്ച് മുന്നോട്ട് പോകാൻ ബിജെപിക്ക്‌ സാധിച്ചിരുന്നില്ല. അതിനാൽ തന്നെയാണ് കമ്യൂണിസ്റ്റ് പാർടിയെ ഭരണത്തിൽ നിന്ന് മാറ്റുകയും കോൺഗ്രസിനെ അധികാരത്തിലേറ്റാനുമുള്ള അജണ്ട ബിജെപി ഏറ്റെടുത്തത്.

എക്സാലോജിക്കുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന നിയമ വ്യവഹാരങ്ങൾക്കിടയിൽ നടക്കുന്ന ഈ റെയ്ഡ് കേരളത്തിൽ കോൺഗ്രസ് അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിലാണ് നടക്കുന്നത്. അദാനിയുടെ സ്പോൺസർഷിപ്പിൽ മംഗലാപുരത്തേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റിൽ പറന്ന് എൻഡിഎ നേതാവിനോട് നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിൽ തീരുമാനിച്ച ഗ്രാന്റ് പ്ലാനുകളാണ് കേരളമിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്.

ആം ആദ്മി പാർടിയെ തകർക്കാൻ അരവിന്ദ് കെജ്രിവാളിനെതിരെയും സമാന വേട്ടയാടൽ നടത്തിയ ഇഡിയും കേന്ദ്ര ഏജൻസികളെയും പുറം കാല് കൊണ്ട് തൊഴിച്ചാണ് സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ ആം ആദ്മി പാർടി പാർലിമെൻ്റ് അംഗങ്ങളെ കുതിരക്കച്ചവടം നടത്തി പാർട്ടിയെ തകർക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. അവിടെയും ബിജെപിക്ക്‌ എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസായിരുന്നു.

എന്നാൽ സിപിഐഎമ്മിനെ അളക്കാൻ ബിജെപിക്കോ അവരുടെ വേട്ടപ്പട്ടികളായ കേന്ദ്ര ഏജൻസികൾക്കോ സാധിക്കില്ല. സിപിഐഎമ്മിൻ്റെ സമുന്നത നേതാക്കൾക്ക്‌ നേരെ റെയ്ഡ് പോലുള്ള ഓല പാമ്പ് കാട്ടിയാൽ തകർക്കാൻ സാധിക്കുന്നതല്ല ജനലക്ഷങ്ങളുടെ തൊഴിലാളി വർഗ്ഗ പാർടിയുടെ സംഘടനാ കരുത്ത്.