തിരുവനന്തപുരം: പിണറായി വിജയന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര – കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ലെന്ന് മുൻ മന്ത്രിയും തവനൂർ മുൻ എംഎൽഎയുമായ ഡോ. കെടി ജലീൽ . പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൻ്റെ പശ്ചാത്തലത്തിലാണ് ജലീൽ പ്രതികരണം നടത്തിയത്.
മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി? – എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് കെടി ജലീൽ പ്രതികരണം നടത്തിയത്. കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്”യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണെന്ന് ജലീൽ പറഞ്ഞു.
“കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ . വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല. മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ “അതിന് ആ തടി പോരെന്ന്” തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്. പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും” – എന്ന് കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.



