തിരുവനന്തപുരം: കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍ എംഎല്‍എയ്ക്ക് ആശംസകള്‍ നേര്‍ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയവിമര്‍ശനങ്ങളല്ല മറിച്ച്‌ സര്‍ക്കാരിന് ക്രിയാത്മകമായ പിന്തുണയാണ് പ്രതിപക്ഷം നല്‍കണ്ടത് എന്ന വി.ഡി സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കും മാതൃകയാക്കാവുന്നതാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

എങ്ങനെയാണോ സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

കേരളനിയമസഭയില്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്, എല്ലാവിധ ആശംസകളും നേരുന്നു. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയവിമര്‍ശനങ്ങളല്ല മറിച്ച്‌ സര്‍ക്കാരിന് ക്രിയാത്മകമായ പിന്തുണയാണ് പ്രതിപക്ഷം നല്‍കണ്ടത് എന്ന വി.ഡി സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കും മാതൃകയാക്കാവുന്നതാണ്……ദിവസം മൂന്ന് നേരം, മരുന്ന് കഴിക്കുന്നത് പോലെ, നരേന്ദ്ര മോദിയേ വിമര്‍ശ്ശിക്കുക എന്ന നിലപാടാണ് ഈ മഹാമാരിയുടെ കാലത്ത് സതീശന്റെ നേതാവ് സ്വീകരിച്ചിരുക്കുന്നത്…..

138 കോടി ജനങ്ങളുള്ള ഈ രാജ്യം, ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുമ്ബോള്‍, കേവല രാഷ്ട്രീയ ലാഭത്തിനായി മഹാമാരിയെ ഉപയോഗിക്കുന്ന നിലപാട് തെറ്റാണ് എന്ന് രാഹുല്‍ ഗാന്ധിയെയും സതീശന്‍ ബോധ്യപ്പെടുത്തണം….. എങ്ങനെയാണോ സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കട്ടെ….! മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കട്ടെ……..അതല്ല, കേരളത്തില്‍ മാത്രം പരസ്പര സഹായസംഘം എന്നതാണ് നിലപാടെങ്കില്‍ അതും കോണ്‍ഗ്രസ് വ്യക്തമാക്കണം.